badge

q u o t e

Wednesday, January 4, 2017

തോക്കിൻ കുഴലിന്റെ ഫോക്കസ് ശരിയാക്കുന്ന ഇടവേളയിൽ

കല ഒന്ന് നിർവചിക്കാമോ

           ആശയ സംവേദനമാണ് കല
അവരെന്നോട് പറഞ്ഞു
ആശയങ്ങൾ ആയുധങ്ങൾ ആണ്
അത് കൈവശം വയ്ക്കുന്നതും
ഉപയോഗിക്കുന്നതും കുറ്റമാണ്

         വികാര വിക്ഷോഭമാണ് കല
അവരെന്നെ ഐസ് കട്ടകളിൽ കിടത്തി
അതിനു മുൻപ്
അവരെന്റെ പുറം അടിച്ചു പൊളിച്ചിരുന്നു
അതിനു ശേഷം മുളകരച്ചു പുരട്ടിയിരുന്നു

        കലയെന്നാൽ വാക്കുകൾ കൊണ്ടുള്ള കളി
അവരെന്നെ ഉപദേശിച്ചു
ചൂഷണം എന്ന വാക്കു ദുരുപയോഗം ചെയ്യരുത്
ചാകുന്നതിനേക്കാളും വലിയ തെറ്റാണ് കൊല്ലുന്നത്

ആശയങ്ങളുടെ അപകടങ്ങൾ
തിരിച്ചറിയാത്തവർ നിരവധി ആണ്
വികാരങ്ങൾ നിങ്ങൾക്കും ഞങ്ങൾക്കും
വേറെ വേറെ ഉണ്ട്
രക്തസാക്ഷി ബലിമൃഗം
ഒക്കെ നാനാർഥങ്ങളാണ്
എന്നും
അവരെന്നോട് പറഞ്ഞിരുന്നു
തോക്കിൻ കുഴലിന്റെ ഫോക്കസ്
ശരിയാക്കുന്ന ഇടവേളയിൽ

No comments:

Post a Comment