badge

q u o t e

Saturday, July 30, 2016

nenmaara stories .... 2

നെന്മാറയിൽ host എന്ന ഹോട്ടലിൽ ആണ് താമസിച്ചത് .  1 km ബസ് സ്റ്റാൻഡിൽ നിന്ന് പൊള്ളാച്ചി റോഡിൽ . ghost പ്രതീക്ഷിച്ചാണ് പോയത്. പക്ഷെ നല്ല ഹോട്ടൽ . ആയകാലത്തു ബാർ ആയിരുന്നു . എട്ടോ പത്തോ മുറികളെ ഉള്ളു . എപ്പോഴെങ്കിലും hotel rating site ൽ കേറി ഒരു നല്ല remark  ഇടണം .

ഇന്നത്തെ പ്രധാന പരിപാടി കൈറടിയിൽ ആളുകളെ വീടുകളിൽ പോയി കാണൽ ആയിരുന്നു . അടുത്ത് തന്നെ ഉള്ള ഒരു കർഷകനെ ആണ് ആദ്യം കണ്ടത് . പയര് വിത്തൊക്കെ ശാസ്ത്രീയമായി polythene ബാഗിൽ മുളപ്പിച്ചു വച്ചിരിക്കുന്നു . പാടത്തു നടാനാണ് . തെങ്ങൊക്കെ ചെറിയ ധിക്കാരത്തോടെ തല  ഉയർത്തി നിൽക്കുന്നു . കൈറടിയിൽ ഞാൻ കണ്ട ചെടികൾക്കും മരങ്ങൾക്കും ഒക്കെ നല്ല ആരോഗ്യം . അതിന്റെ  ലേശം ഗർവും . ചുറ്റുമുള്ള മലകളുടെ പരിചരണവും സംരക്ഷണവും ആണോ അതോ സഹജീവികളായ മനുഷ്യരുടെ ശുഷ്കാന്തി, മനോനൈര്മല്യം ഒക്കെ ആണോ ഹേതു എന്ന് നിശ്ചയിക്കാനാവുന്നില്ല .

ഏക്കറു കണക്കിനു സ്ഥലം ഉണ്ട് ഈ കൃഷിക്കാരന് .  . ഇപ്രാവശ്യം ഏത്തക്കക്കു നല്ല വില കിട്ടിക്കാണുമല്ലോ . ഞാൻ എന്റെ  കൃഷി വിജ്ഞാനം പങ്കു വച്ചു. ഇവിടെ വാഴ കൃഷി ചെയ്യാനൊന്നും ഒക്കില്ല .ഉത്തരം കേട്ട് ഞാൻ ഒന്ന് അന്ധാളിച്ചു . ഇത്രയും നല്ല മണ്ണ് വാഴക്കു പിടിക്കുന്നില്ലെന്നോ . കൃഷി സുഹൃത്ത് വിശദീകരിച്ചു . കുരങ്ങന്മാർ ഒറ്റ കുല വച്ചേക്കില്ല .  നൂറു പേരെങ്കിലും കാണും ഒരു ഗാങ്ങിൽ . കരിക്കു പറിക്കലാണ്  മറ്റൊരു വിനോദം. ഈ കാണുന്ന മച്ചിങ്ങയ്ക്കൊന്നും തേങ്ങാ ആകാൻ  വിധിയില്ല. പാടത്തേക്കു ഇറങ്ങി തുടങ്ങിയിട്ടില്ല  അതുകൊണ്ടാണ് പയര് രക്ഷപ്പെടുന്നത് . ഞാൻ ഇടപെട്ടു . എങ്ങനെ നിങ്ങൾ പിടിച്ചു നിൽക്കുന്നു . കൃഷി സുഹൃത്ത് വിശദീകരിച്ചു .കല്ലെറിയും തീയിടും വെടി  വയ്ക്കും  . എനിക്ക് വീണ്ടും സംശയം . നിയമവിരുദ്ധമല്ലേ . എന്നെ മൗനത്തിലേക്കും മനോരാജ്യത്തിലേക്കും തള്ളിവിട്ട് സുഹൃത്തിന്റെ ഉപസംഹാരം . മനുഷ്യനെ നോക്കാതെ മൃഗങ്ങളെ താങ്ങുന്ന നിയമങ്ങളെ പറ്റി  എന്ത് പറയാൻ .

മനോരാജ്യം . സത്യം . നമ്മൾ നഗരങ്ങളിലെ  ഓഫീസുകളിൽ ഇരുന്നു  കാണുന്നതിലും എത്രയോ വലുതാണ് ഈ പരിസ്ഥിതി പ്രശനം . അത്ര കാടിന്റെ അടുത്തല്ലാത്ത ഈ കൃഷിയിടങ്ങളിൽ പോലും ഇതാണ് സ്ഥിതി . നമ്മുടെ കൃഷിക്കാർ  പാടുപെട്ടു വിളയിക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്കു കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നു . വിള  സംരക്ഷണക്കു സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതോ പോകട്ടെ . മൃഗ സംരക്ഷണത്തിന്റെ പേരിൽ വർഷങ്ങളോളം മനുഷ്യരെ ജയിലിൽ അടക്കാനുള്ള നിയമം  ഉണ്ടാക്കിയിരിക്കുന്നു ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു . അടുത്ത തലമുറ ഒരു പക്ഷെ ഓർത്തു ചിരിച്ചേക്കാവുന്ന ഈ അത്യാചാരങ്ങൾക്ക് നമ്മൾ കൂട്ട് പിടിക്കുന്നതോ പരിസ്ഥിതി സ്നേഹം, അടുത്ത തലമുറക്ക് കരുതൽ  തുടങ്ങിയ  അലൗകിക കാവ്യാല്മക സങ്കല്പങ്ങളെ .
 ----
ഉച്ച കഴിഞ്ഞു ഞങ്ങൾ പോയത് ഒരു കല്പണിക്കാരന്റെ വീട്ടിലേക്കു . പുള്ളിക്കാരൻ പണിക്കു പോയിരിക്കുകയാണ് . കുറച്ചു നാളായിട്ടു വയ്യ എങ്കിലും പണി മുടക്കാറില്ല വിശ്രമിക്കാവുന്ന അവസ്ഥയിലല്ല കുടുംബം.
രണ്ടു മക്കളാണ് . ഒരാണും ഒരു പെണ്ണും . രണ്ടു പേരും bsc nursing . ബാങ്ക് ലോണും എടുത്തിട്ടുണ്ട് . ചേട്ടനു ചെറിയ ജോലി ആയി. വൈഫിനും ചെറിയ ജോലി ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു . പെൺകുട്ടിയുടെ കാര്യം പറയാനാണ് ഈ പോസ്റ്റ് . എന്തെങ്കിലും ആർക്കെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ ?

ഡൽഹിയിൽ ആണ് ജോലി കിട്ടിയത് . ഒരു വര്ഷം കഴിഞ്ഞപ്പോൾ കണ്ണിനു വേദന തുടങ്ങി. ഹോസ്പിറ്റൽകാർ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു . പതുക്കെ പതുക്കെ ആ പെൺകുട്ടി ഫുള്ളി ബ്ലൈൻഡ് ആയി.

ഞങ്ങളുടെ മുൻപിലേക്ക് ആ കുട്ടി ഇറങ്ങി നിന്നു . early twenties . കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം. കാഴ്ചയില്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടും . സംസാരത്തിൽ നിന്ന് ഒരു വിധത്തിലും ഊഹിച്ചെടുക്കാൻ പറ്റില്ല പൂർണമായും അന്ധയായ ഒരു ചെറുപ്പക്കാരിയോടാണ് സംസാരിക്കുന്നതെന്ന് .

കണ്ണീ ർ തടഞ്ഞു വക്കാനുള്ള തന്ത്രങ്ങളൊന്നും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് ഞാൻ അടുത്തു  നിന്ന മാവിലേക്ക്  മാറ്റി നോട്ടം. വലിയ ആ മാവിന്റെ പുറകിലേക്ക് പതുക്കെ നീങ്ങി . കാലം തെറ്റി കായ്ച്ച  വല്ല മാങ്ങയും മുകളിലെങ്ങാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് നോക്കണമല്ലോ .  തൊണ്ടയിൽ ഗദ്ഗദം തിങ്ങിയപ്പോൾ കൃത്രിമമായി ചുമച്ചു . ശ്വാസഗതി  കൈവിട്ടുപോകുമെന്നു തോന്നിയപ്പോൾ മൊബൈലിൽ വിളിക്കുന്നതായി ഭാവിച്ചു . അങ്ങനെ നീണ്ട ഏകദേശം  ഒരു മണിക്കൂറിൽ ആ കുട്ടി പറഞ്ഞ കഥ ചുരുക്കത്തിൽ .

ആദ്യം ഒരു കണ്ണിലാണ് തുടങ്ങിയത് . റെറ്റിനയുടെ മുകളിൽ ഒരു നേർത്ത പാട . കാൻസർ പോലത്തെ ഒരു growth . പിന്നെ മറ്റേ കണ്ണിലേക്കും പടർന്നു . ഒന്നും കാണാൻ കഴിയില്ല .  ഒന്നും . ഡൽഹിയിൽ പല ഹോസ്പിറ്റലിലും പോയി. നാട്ടിൽ വന്ന് അങ്കമാലി മുതൽ അഹല്യ മുതൽ ശ്രീധരീയം മുതൽ വാസൻ വരെ എല്ലാ ഹോസ്പിറ്റലിലും കാണിച്ചു . എല്ലാരും കയ്യൊഴിഞ്ഞു . ആകെ സാധ്യത ഉള്ളത് സർജറി ആണ് . അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റോ . വിജയിക്കാൻ തീരെ സാധ്യത ഇല്ല . പരാജയപ്പെട്ടാലോ അതി കഠിന വേദന കൂടെ ഉണ്ടാകും ആജീവനാന്തം .

സർക്കാരിന് ബാങ്കിന് ഒക്കെ ഒരു കത്തയക്കൂ എന്തെങ്കിലും ആനുകൂല്യങ്ങളെങ്കിലും കിട്ടിയാലോ . ഞാൻ suggest ചെയ്തു . ആ കുട്ടി പറഞ്ഞു . ഒരു കണ്ണ് പൊട്ടിയാണെന്നു  അംഗീകരിക്കാൻ മനസ്സു സമ്മതിക്കുന്നില്ല uncle . അതും കൂടി കഴിഞ്ഞാൽ ജീവിച്ചു പോകാനുള്ള ധൈര്യം ഞാൻ എങ്ങിനെ കണ്ടെത്തും .

No comments:

Post a Comment