badge

q u o t e

Friday, July 15, 2016

ഇടിവെട്ടും മിന്നലും സാന്ത്വനം

മതിൽ ചാടി മറയുന്ന വെയിലിനു
കുളിരേറും കാറ്റിന്റെ പിൻവിളി
നീളുന്ന നിഴലിന്റെ നെറുകയിൽ
വിളറും  നിലാവിന്റെ ചുംബനം

തല തോർത്തും മഞ്ഞിന് മറുതുണി
മരം പെയ്യും  കാടിന്റെ കമ്പളം
വാ പൊത്തി കരയുന്ന കാർമുകിൽ
ഇടിവെട്ടും മിന്നലും സാന്ത്വനം

വെയിൽ കായും മണ്ണിന്റെ നറു മണം
മഴ മാറും  പുൽനാമ്പിൽ മരതകം
മരം കേറുമിരുളിന്റെ ആലസ്യം
ഇരകണ്ട രാവിന്റെ ഏമ്പക്കം


പിന്നാമ്പുറം
ഒരു നിമിഷം മുൻപ് മുറ്റത്തുണ്ടായിരുന്നൂ വെയിൽ ദാ ഇപ്പോൾ മതിലിനപ്പുറത്ത് നിൽക്കുന്നു ഒഴിഞ്ഞു പോകാനുള്ള ശ്രമം  കാറ്റു പിറകെ ചെന്നു വിളിച്ചു ക്ഷമിച്ചു കൂടെ പോകാതിരുന്നൂടെ നല്ല കുളിര്... അകന്നു പോകുന്ന നിഴലിന്റെ പിന്നേ ചെന്നു വിളറി വെളുത്ത നിലാവ് നൽകി ഓർത്തു വെക്കാനൊരു സമ്മാനം....ഇനിയിപ്പോൾ കുളിച്ചു കയറുക തന്നെ ഈറൻ മാറാൻ എന്തുണ്ട് മഞ്ഞിന്റെ ആത്‌മഗതം കാട് പറഞ്ഞു എന്നെ വാരി പുതച്ചോളൂ.... കടലിൽ നിന്നു വാരി എടുത്തു മാറോടു ചേർത്തു ആകാശങ്ങൾ താണ്ടി ഇന്നിപ്പോൾ വിട്ടുകൊടുക്കണമെന്ന് ഭൂമിയിൽ വീണു ചിതറാൻ കാർമുകിൽ കേണു ഛേ വാ പൊത്തെടീ ഇതൊക്കെ നാട്ടു നടപ്പാ ഇടിവെട്ടി അലറി മിന്നൽ പറഞ്ഞു കാര്യമാക്കേണ്ട കരഞ്ഞു തീർത്തോളൂ ഇടവേളകളിൽ....വെയിൽ കായാൻ മേലുണക്കാൻ നീണ്ടു നിവർന്നു കിടക്കുന്ന മണ്ണിന്റെ മണം അതെനിക്കിഷ്ട്ടം.... മഴ കഴിഞ്ഞ പക്ഷെ വെയിലിനു മുൻപത്തെ ഇടവേളകളിൽ മുക്കുറ്റിപ്പൂവിലും പുൽത്തുമ്പിലും ഞാൻ കണ്ടിട്ടുണ്ട് തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങൾ.... ആ മരത്തിന്റെ ചില്ലയിൽ ഒരു കീറ് വെളിച്ചം തങ്ങി നിൽക്കുന്നു അതു കൂടി എത്തിപിടിച്ചാൽ വിശ്രമിക്കാം ഇരുളിന്റെ ആത്‌മഗതം,,,, അവസാനം ഓടിത്തളർന്നു എന്റെ വായിൽ തന്നെ വന്നു പെട്ടു ഇതും കഴിഞ്ഞാൽ ഒരു ഏമ്പക്കം അത്രയേ വേണ്ടൂ രാവിന്റെ വീമ്പ്

No comments:

Post a Comment