badge

q u o t e

Tuesday, February 28, 2017

വിറ്റു പോയത് മാങ്ങയും തേങ്ങയും




കൂട്ടി കിഴിച്ചു കഴിച്ചു ജീവിതം
കൂട്ടി കുഴയ്ക്കാതെ നേട്ടവും നോട്ടവും
കൂട്ടി നോക്കാതെ ലാഭ കണക്കുകൾ
കൂടെ നിർത്താതെ വേണ്ടവരൊക്കെയും
വേർ തിരിക്കാതെ വാഴ്ചയും വീഴ്ചയും
വെട്ടി മാറ്റാതെ വ്യക്തി ബന്ധങ്ങളെ

വിറ്റു പോയത് മാങ്ങയും തേങ്ങയും
വാങ്ങി വച്ചതു തേങ്ങലും വിങ്ങലും
ഓങ്ങി വന്നതു വേണ്ടെന്ന് വെച്ചിട്ട്
നീങ്ങി നിന്നതു സ്നേഹ നിർബന്ധത്താൽ

തൊട്ടു കൂടാതെയും  ചേർന്ന് നിന്നത്
കെട്ടുപാടുകൾ പൊട്ടാതിരിക്കുവാൻ
നീങ്ങി പോയതും മാറി നിന്നതും
സ്വപനമാണെന്നറിഞ്ഞതും ജീവിതം

Thursday, February 23, 2017

ശ്വാസം നിന്നു പോയ ഇടവേള


ശ്വാസം നിന്നു  പോയ ഇടവേള

പെട്ടെന്നാണ് ഞങ്ങളുടെ ലോകം ഉയർന്നു പൊങ്ങാൻ തുടങ്ങിയത് . അങ്ങകലെ കണ്ടിരുന്ന ആകാശം പതുക്കെ അടുത്തു വരാൻ തുടങ്ങി . ഞങ്ങളുടെ ലോകത്തിന്റെ അതിരിലുള്ള ആ വൃത്താകാര ഭിത്തിയുടെ മുകളറ്റത്തു കണ്ടിരുന്ന പൊട്ടു താഴ്ന്നു താഴ്ന്നു വന്നു . ഞങ്ങൾക്ക് അവിടെ തൊടാമെന്നായി . ദാ  അത് വീണ്ടും താഴുന്നു . ഞങ്ങളൊക്കെ ആ പൊട്ടിന്റെ മുകളിൽ.
ലോകാവസാനം ആയിരിക്കുന്നു സൂക്ഷിക്കണം എന്ന് ഞങ്ങളോട്  മുതിർന്നവർ പറഞ്ഞു . ഇങ്ങനെ ഒന്ന് കേട്ടിട്ടില്ല . പക്ഷെ ജന്മാന്തരങ്ങളിലെ ഏതോ ഓര്മ ഭയപ്പെടുത്തുന്നു എന്നവർ പറഞ്ഞു. സൂക്ഷിക്കണം . ഈ ഉയർച്ചയിൽ നെഗളിക്കരുത് . എന്ത് തന്നെ ആയാലും ഒഴുക്കിനൊപ്പം  പോകരുത് . പിടിച്ചു   നിൽക്കണം .  ഒക്കെ സാവധാനം നേരെ  ആകും .
ഞങ്ങൾ പക്ഷേ നെഗളിച്ചു പോയിരുന്നു . ഇങ്ങനെ ഒരു ഭാഗ്യം കൈ  വിട്ടു കളയാനുള്ള സ്ഥൈര്യം ഒന്നും ഞങ്ങൾ ആർജിച്ചിരുന്നില്ല . ഉയർന്നു കൊണ്ടേ  ഇരുന്ന ഞങ്ങളുടെ ലോകത്തിനൊപ്പം ഞങ്ങളും ഉയർന്നു നീങ്ങി .  എന്തൊരു അനുഭൂതി ആയിരുന്നു അത് . അതിരുകൾ വഴി മാറുന്നു . അപ്പുറത്തെ കാഴ്ചകൾ അമ്പരപ്പിക്കുന്നു . ഇതൊക്ക അരുത് വേണ്ട എന്നു പറഞ്ഞ മുതിർന്നവരെ ഞങ്ങൾ തഴഞ്ഞു . ജന്മ വാസനകൾക്കു അടിപ്പെട്ട് പോയവർ എന്നോർത്ത് ഞങ്ങൾ സഹതപിച്ചു .
പെട്ടെന്നായിരുന്നു അത് സംഭവിച്ചത് . ഒരു ബ്ലാക്ക് ഹോളിൽ പെട്ടത് പോലെ ഞങ്ങൾ കറങ്ങി താണു . തികച്ചും അപരിചിതമായ ഒരു ലോകത്തേക്ക് ഞങ്ങൾ തെറിച്ചു വീണു . പ്രാണ വായു കിട്ടാതെ പിടഞ്ഞു . ജീവൻ വിട്ടുപോകുന്നത് തൊട്ടറിഞ്ഞു . അവസാനമായിട്ടൊന്നു ഉയർന്നു ചാടി ഞാനും എന്റെ കൂട്ടുകാരും അനക്കമറ്റു കിടന്നു .

എട്ടു പത്തു ശ്വാസത്തിന്റെ സമയമെങ്കിലും കഴിഞ്ഞിട്ടുണ്ടാകണം . അവസാനത്തിന്റെ അവസാനവും കാത്തു ഞങ്ങൾ കിടക്കാൻ തുടങ്ങിയിട്ട് . പെട്ടെന്നതാ ശ്വാസം തിരിച്ചു വരുന്നു.   ഞങ്ങളുടെ ലോകം ശാന്തമാകുന്നു. ഞങ്ങളൊക്കെ തിരിച്ചു പോകുന്നു. വീണ്ടും ജീവിതത്തിലേക്ക് .  അനുഭവിച്ചറിഞ്ഞ അനുഭൂതികളിലേക്ക് .
 ദീർഘമായി ശ്വാസം കഴിച്ചു ഞങ്ങൾ കൂടി ആലോചിച്ചു . എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക . എങ്ങനെ ആണ് ഞങ്ങളുടെ ലോകം ഉയർന്നു പൊങ്ങിയത്. എവിടെയാണ് ഞങ്ങളൊക്കെ അകപ്പെട്ടു പോയത് . എങ്ങനെയാണ് ഞങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നത് .  ആരാണ് ഞങ്ങളെയൊക്കെ കൊണ്ടുപോയതും തിരിച്ചുകൊണ്ടുവന്നതും .
ദൈവത്തെ സ്തുതിക്കൂ . നമുക്ക് അറിയാത്തത് എത്രയോ വലുത് എത്രയോ അടുത്ത് എന്നാൽ എത്രയോ അകലെ. ചെന്നെത്താൻ കഴിയാത്ത എത്രയോ ലോകങ്ങൾ. ദൈവത്തെ സ്തുതിക്കു . ഞങ്ങളുടെ മുതിർന്നവരുടെ ദൃഡ വിശ്വാസത്തിന്റെ കീഴിലേക്ക് സാവധാനം  ഞങ്ങളും നീങ്ങി . അവിടെ കണ്ടെത്തി നിതാന്തമായ ആശ്വാസം .
------
സത്യമാണ് കേട്ടോ . അക്വാപോണിക്സിലെ ഫിഷ് ടാങ്കിൽ വെള്ളം നിറയ്ക്കാൻ പൈപ്പ് തുറന്നിട്ട് ഞാൻ ഫേസ് ബുക്കിൽ കയറി . പാതിരാവും കഴിഞ്ഞു ഉറങ്ങിയേക്കാം എന്ന് തീരുമാനിച്ചപ്പോഴാണ് ഓര്മ വന്നത് അടയ്ക്കാത്ത ടാപ്പിന്റെ കാര്യം  . ചെന്നു  നോക്കുമ്പോഴുണ്ട് ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകി മീൻ കുഞ്ഞുങ്ങളൊക്കെ പുറത്തു ചാടി നിലത്തു കിടന്നു പിടക്കുന്നു . ഒക്കേത്തിനെയും പിടിച്ചു ടാങ്കിൽ ഇട്ടു .

പിന്നെ ഇപ്പോഴാണ് ഫേസ് ബുക്കിൽ കയറുന്നത് .

Tuesday, February 14, 2017

jishnu

വിശ്വസിക്കാൻ  പറ്റുന്നുണ്ടോ

ജിഷ്ണുവിനെ കരുതിക്കൂട്ടി പിറകെ നടന്നു കാത്തിരുന്നു കുടുക്കിയതാണെന്ന്. കോപ്പി അടി എന്ന കള്ള ആരോപണത്തിൽ. നെഹ്‌റു ഗ്രൂപ്പിന്റെ  ചെയർമാന്റെ നേതൃത്വത്തിൽ ഒരു പ്രൊഫെസ്സറും മറ്റു അനുയായികളും ചേർന്ന് വിജയകരമായി നടപ്പാക്കിയ ഒരു പ്രൊജക്റ്റ് ആണെന്ന് പോലീസ് റിപ്പോർട്ട് .

ദേഹോപദ്രവവും ചെയ്തെന്ന്

വിശ്വസിക്കാനാകുന്നുണ്ടോ

 ജിഷ്ണുവിന്റെ ആത്‍മഹത്യ റിപ്പോർട്ട് വന്നപ്പോൾ  മുഖത്തു  കണ്ട പാടും വെട്ടിക്കളഞ്ഞ ആൻസർ പേപ്പറും ഒക്കെ സൂചിപ്പിച്ചിരുന്നു .  സത്യം പറയണമല്ലോ അപ്പോഴും ഇങ്ങനെ ഒരു പൈശാചികത്വം പ്രതീക്ഷിച്ചതേ  ഇല്ല . സംശയത്തന്റെ  നിഴലിൽ നിർത്താനുള്ള ഒരു ശ്രമം ആയെ തോന്നിയുള്ളൂ .  അന്വേഷണം ആവശ്യപ്പെട്ടു രക്ഷിതാക്കൾ മുന്നോട്ടു വന്നപ്പോൾ പോലും അവരുടെ ദുഖത്തിന്റെ ഒരു അമിതാവിഷ്കാരം എന്നാണ് കരുതിയത് .

ഇന്നിപ്പോൾ സത്യം പുറത്തു വന്നപ്പോൾ ...

നമ്മുടെയൊക്കെ ചിന്താശേഷിക്കും എത്രയോ മുകളിലാണ് പലരുടെയും  ക്രൂരത എന്നറിഞ്ഞു  ഞെട്ടുന്നു  . ഇതൊക്കെ നാട്ടു നടപ്പാണെന്നും ഈ അന്വേഷണവും വെളിപ്പെടലും ഒക്കെ അവഗണിക്കാവുന്ന സാധ്യത മാത്രമുള്ള ഒരു അപകടം മാത്രം ആണ് നെഹ്‌റു കോളേജിനും അതു പോലുള്ളവർക്കും എന്ന സാധ്യത പേടിപ്പിക്കുന്നു . 

ഇതു  പോലൊരു ക്രൂരത കാട്ടാൻ കഴിവും സന്നദ്ധതയുമുള്ള ഒരു ഗ്രൂപ്പും അവരുടെ സ്ഥാപനവും ഈ ഭൂമുഖത്തു ആവശ്യമുണ്ടോ എന്നൊരു opinion poll തുടങ്ങിയാലോ എന്നാണു ആലോചിക്കുന്നത്