വക്കീലാണ്.. സ്വതവേ ഇന്നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളോടൊക്കെ വിരോധവുമാണ്.
അതുകൊണ്ട് തന്നെ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന
അഭിഭാഷക-മാധ്യമ സംഘർഷത്തെ പറ്റി നിഷ്പക്ഷമായൊരു അഭിപ്രായം പറയാനൊന്നും
സാധ്യമല്ല. അല്ലെങ്കിൽ തന്നെ ഈ നിഷ്പക്ഷത എന്നത് നിലപാടില്ലായ്മയുടെ ഒരു ആലങ്കാരിക നാമം മാത്രമാണല്ലോ. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ, നിഷ്പക്ഷനായിരിക്കുക
എന്നാൽ, ചെന്നായയുടെ പക്ഷം ചേരുക എന്നു തന്നെയാണർത്ഥം. ജനങ്ങളുടെ
അറിയാനുള്ള അവകാശത്തിന്റെ എല്ലാ ഉപാധികളും കയ്യടക്കി വെച്ചിരിക്കുന്ന മാധ്യമങ്ങൾ, തങ്ങളുൾപ്പെട്ടൊരു
സംഭവത്തിന്റെ ഏകപക്ഷീയമായ വിവരണം മാത്രം നിരന്തരമായി പ്രക്ഷേപണം
ചെയ്യുമ്പോൾ, മറുപക്ഷത്ത് നിന്ന് കൊണ്ട് കൂടി കാര്യങ്ങളെ കാണുന്നതും
പറയുന്നതുമാണ് ശരിയായ അർത്ഥത്തിലുള്ള നിഷ്പക്ഷത. അപ്പോഴും വ്യക്തിപരമായി
പക്ഷമുണ്ടെന്ന് പ്രഖ്യാപിച്ചു തന്നെ അതു ചെയ്യുന്നത്, വാദിഭാഗമോ പ്രതിഭാഗമോ
എന്നാദ്യം വെളിപ്പെടുത്തി വാദം തുടങ്ങി ശീലിച്ച വക്കീലായത് കൊണ്ടാണ്.
"നിഷ്പക്ഷൻ" എന്ന മേൽവിലാസത്തിൽ വന്നു നുണ പറയാൻ, തോമ പത്രക്കാരനല്ല.
അവതാരികയിലേ പറയാം.. നിങ്ങളോട് ഇതുവരെ സകല പത്രങ്ങളും ചാനലുകളും പറഞ്ഞ കഥ,
ദിനേശ് മാത്യു മാഞ്ഞൂരാൻ എന്ന സ്ത്രീ പീഡന കേസിൽ ഉൾപ്പെട്ട ഗവ: പ്ലീഡറെ സംരക്ഷിക്കാനാണ് സംസ്ഥാനത്തെ അഭിഭാഷകർ അത്രയും മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന വേർഷൻ,
അതൊരു കല്ലു വെച്ച മാധ്യമ നുണയാണ്.
ഹൈകോടതിയിൽ അരങ്ങേറിയതോ വഞ്ചിയൂരിൽ തുടർച്ചയുണ്ടായതോ ആയ സംഘർഷങ്ങളൊന്നും സത്യത്തിൽ മാഞ്ഞൂരാൻ കേസുമായി ബന്ധപെട്ടതല്ല,
മറിച്ച് മാധ്യങ്ങൾ നടത്തുന്ന കോടതി റിപ്പോർട്ടിങ്ങിലെ ശരികേടുകളെ പറ്റിയുള്ളതും,
ഹൈകോടതിയിലെ മീഡിയ റൂം അടച്ചു പൂട്ടുന്നതുമായി ബന്ധപെട്ടതും ആണ്.
അതിനെ ബോധപൂർവ്വം ഒരു പെണ്ണ് കേസാക്കി മാറ്റി, ആ നിലയ്ക്കുള്ള വ്യാജ വാർത്തകൾ പടച്ചതിലും പ്രചരിപ്പിച്ചതിലും നിന്നു തന്നെ, ഇവിടുത്തെ മാധ്യമ പ്രവർത്തകരുടെ നെറികേടിനെ പറ്റിയൊരു പ്രാഥമിക ബോധ്യം നേടാൻ നമുക്ക് സാധിക്കും.
അഡ്വ. മാത്യു മാഞ്ഞൂരാന്റെ പേരിൽ അങ്ങനെയൊരു ആരോപണം ഉണ്ടായിരുന്നു എന്നത് സത്യം തന്നെയാണ്. കേസ് കോടതിയുടെ മുന്നിലിരിക്കുന്ന അവസരത്തിൽ മാധ്യമങ്ങൾ സ്വന്തം നിലയ്ക്കൊരു വിചാരണ നടത്തി തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ
ടിയാൻ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് പരാതി നൽകിയിരുന്നു താനും.
എന്നാൽ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഒരു നിലയ്ക്കുള്ള
അഭിപ്രായം പറയാനും തയ്യാറാവാതിരുന്ന
അസോസിയേഷൻ, കോടതി നടപടികളെ റിപ്പോർട്ട് ചെയ്യുമ്പോൾ സുപ്രീം കോടതി
മുന്നോട്ടു വെച്ച മാനദണ്ഡങ്ങൾ അനുസരിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്
എന്നോർമിപ്പിക്കുകയും,
മീഡിയ സ്വയമേവ കോടതി ചമഞ്ഞു സമാന്തര വിചാരണകൾ നടത്തുന്നത് ദൗർഭാഗ്യകരവും
പ്രതിഷേധാർഹവും ആണെന്നൊരു പ്രമേയം പാസ്സാക്കുകയും ആണ് ചെയ്തത്. എന്നാൽ ഈ
സംഭവം പോലും മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഡെക്കാൻ ക്രോണിക്കിളിലെ 'രോഹിത്' എന്ന ജേർണലിസ്റ്റ് ഈ വാർത്ത കൊടുത്തത്
ഹൈകോടതി അസോസിയേഷനിൽ കടുത്ത ഭിന്നത; പ്രമേയം ഏകകണ്ഠമായി പാസ്സാക്കാൻ
സാധിച്ചില്ല എന്ന മട്ടിലായിരുന്നു. മാധ്യമ റിപ്പോർട്ടിങ്ങിലെ
അവധാനത കുറവിനെ അപലപിക്കുന്ന പ്രമേയം തന്നെ തെറ്റായി റിപ്പോർട്ട്
ചെയ്യപ്പെട്ടത് സ്വാഭാവികമായും അഭിഭാഷകരെ ചൊടിപ്പിച്ചു. രോഹിത്തിനെ
അസോസിയേഷൻ വിളിച്ചു വരുത്തി ശാസിച്ചു. അയാൾ ഖേദം പ്രകടിപ്പിക്കുകയും, തിരുത്ത് കൊടുക്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. പക്ഷെ ചെയ്തത് അതൊന്നുമല്ല.
അസോസിയേഷൻ യോഗം കഴിഞ്ഞു പുറത്തു വരുന്ന അഭിഭാഷകർ കാണുന്നത് തന്റെ മാധ്യമ
സുഹൃത്തുക്കളെ ഫോൺ ചെയ്ത് വക്കീലന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും, അത് ചോദിക്കണമെന്നുമൊക്കെ പറയുന്ന രോഹിത്തിനെയാണ്. അൽപ്പം മുൻപ് പശ്ചാത്താപ വിവശനായി കുമ്പസരിച്ചു കണ്ടൊരു കുഞ്ഞാട്, ഞൊടിയിടയിൽ ഏഷണിക്കാരനായൊരു കുറുക്കച്ഛനായി രൂപാന്തരപ്പെട്ട വിസ്മയം കണ്ട് അവർ വിജ്രംഭിച്ചു. ന്യായമായും, "അല്ലയോ മഹാനുഭാവാ, എന്ത് പിതൃശൂന്യതയാണ് അങ്ങീ പ്രവർത്തിക്കുന്നത്?",
എന്നവർ ചോദിച്ചു പോയി. വാക്കായി, വാക്കേറ്റമായി, വഴക്കായി. അവിടുന്ന് പോയ
രോഹിത് പിന്നെ വരുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടറായ
നന്ദകുമാർ നമ്പ്യാർ എന്നയാളെയും കൂട്ടിയാണ്. നമ്പ്യാർ തന്റെ മാധ്യമ
സീനിയോരിറ്റിയുടെ നിലവാരം മുഴുവൻ പ്രദർശിപ്പിച്ചു കൊണ്ട് അഭിഭാഷകരെ ഒന്നടങ്കം അസഭ്യം പറയുകയും, വെല്ലുവിളിക്കുകയും,
അടിക്കാൻ ഓങ്ങുകയും ഒക്കെ ചെയ്യുന്നു. ഉന്തായി, തള്ളായി, തെറിവിളിയായി.
പിന്നെ കാണുന്നത് പതിനഞ്ചോളം മാധ്യമ പ്രവർത്തകർ ചേർന്ന് ഹൈകോടതിയിലെ ചേംബർ
കോംപ്ലക്സിലേക്ക് മാർച്ച് നടത്തുന്നതാണ്. അഭിഭാഷകരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ സംഘം കോടതി വളപ്പിൽ ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയും, വക്കീലന്മാർക്ക് നേരെ കല്ലെറിയുകയും, അതിൽ മാർട്ടിൻ എന്ന വക്കീലിന് തോളിന് പരിക്കേൽക്കുകയും ചെയ്തു. മാർച്ചിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ച അഡ്വ. സുനിലിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും എറിഞ്ഞുടയ്ക്കുകയും കൂടി ചെയ്തിട്ടാണർ അന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുന്നത്.
സംഘർഷ സാധ്യത പരിഗണിച്ച് രണ്ടു ദിവസത്തേക്ക് മാധ്യമ പ്രവർത്തകരെ കോടതി
പരിസരത്ത് വിലക്കാനും, അതുവരെ കോടതിയിലെ മീഡിയ റൂം അടച്ചു പൂട്ടാനും
ഹൈകോടതി റെജിസ്ട്രാർ തീരുമാനമെടുക്കുന്നു. പിറ്റേന്ന് രാവിലെ കൂടിയ ഹൈകോടതി അഡ്വക്കേറ്റസ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം മാധ്യമപ്രവർത്തകർ കാട്ടിക്കൂട്ടിയ അക്രമത്തെ ശക്തമായി അപലപിക്കുകയും,അതിനെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുക്കുകയും ചെയ്യുന്നു. കോടതി നടപടികളെ തെറ്റായി മാത്രം റിപ്പോർട്ട് ചെയ്യാനും, അഭിഭാഷകരെ തന്നെ കയ്യേറ്റം ചെയ്യാനുമായി, മാധ്യമപ്രവർത്തകർക്ക് കോടതിയിലൊരു പ്രത്യേക സ്ഥാനം നൽകി ആദരിക്കേണ്ട യാതൊരാവശ്യവുമില്ല എന്ന പൊതുവികാരത്തെ മാനിച്ച് അവതരിപ്പിക്കപ്പെട്ട,
ഹൈകോടതിയിലെ മീഡിയ റൂം സ്ഥിരമായി അടച്ചു പൂട്ടണം എന്ന പ്രമേയം, യോഗത്തിൽ
എതിരില്ലാതെ പാസ്സാവുന്നു. ശ്രദ്ധിക്കേണ്ട കാര്യം, രാജ്യത്തെ വേറേതെങ്കിലും
ഹൈകോടതിയിലോ, സുപ്രീം കോടതിയിൽ പോലുമോ മീഡിയ റൂം എന്നൊരു സംഗതിയേ
ഇല്ലെന്നതാണ്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി കോടതിക്കുള്ളിലൊരു പ്രത്യേക സ്‌പേസ് അനുവദിച്ചു കിട്ടുന്നത് മാധ്യമപ്രവർത്തകരുടെ
"അവകാശമല്ല", മറിച്ച് കേരള ഹൈകോടതിയിലും മറ്റു ചുരുക്കം കോടതികളിലും
അവർക്ക് കിട്ടുന്നൊരു "സൗകര്യം" മാത്രമാണ് എന്ന് മനസിലാക്കണം. കേസ് നടത്തിയ
വക്കീലിന് കിട്ടും മുൻപ് തന്നെ വിധിന്യായങ്ങളുടെ പകർപ്പ് പത്രക്കാർക്ക് കിട്ടുന്നതൊക്കെ ഈ സൗകര്യത്തിലാണ്.
കോടതിയിലും, സെക്ഷനിലും, ജഡ്ജിമാരുടെ ചേംബറിൽ പോലും നേരിട്ട് ചെന്ന്
വിവരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഇത്തരമൊരു സൗകര്യം ഉണ്ടായിട്ടു പോലും,
കോടതി നടപടികൾ എപ്പോഴും തെറ്റായാണ് റിപ്പോർട്ട് ചെയ്യപ്പെടാറ് എന്നതും,
പലപ്പോഴും ഗുരുതരമായി വളച്ചൊടിക്കപ്പെടാറ് പോലുമുണ്ട് എന്നതും, ഈയൊരു സംവിധാനത്തിന്റെ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്ന സംഭവങ്ങളാണ്. ഈ സാഹചര്യത്തിലാണ് മീഡിയ റൂമിന്റെ പ്രസക്തി ചോദ്യം ചെയ്യപെടുന്നതും,
അങ്ങനെയൊന്ന് ആവശ്യമില്ലെന്ന അഭിപ്രായം ഉണ്ടാവുന്നതും. എന്നാൽ
റെജിസ്ട്രാറുടെ തീരുമാനത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത
മാധ്യമപ്രവർത്തകർ അന്നും കോടതിയിൽ വരികയും, മീഡിയ റൂം ധിക്കാരപൂർവ്വം കയ്യടക്കുകയുമായിരുന്നു. അഭിഭാഷകർ അത് ചോദ്യം ചെയ്യുകയും മീഡിയ റൂമിലിരുന്നവരെ പുറത്താക്കുകയും ചെയ്യുന്നു. അതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകരുടെ സംഭവബഹുലമായ ഹൈകോടതി മാർച്ച് അരങ്ങേറുന്നത്.
ഹൈക്കോടതിയൊരു അതീവ സുരക്ഷാ മേഖലയാണ്. ഒരു ഹൈ സെക്ക്യൂരിറ്റി സോൺ. അതിനാൽ
തന്നെ കോടതിയുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധ പ്രകടനങ്ങളോ പൊതു യോഗങ്ങളോ
നടത്തുന്നതിന് ചട്ടപ്രകാരം വിലക്കുണ്ട്. അതിനെയൊക്കെ ലംഘിച്ചു കൊണ്ടാണ്
അമ്പത് പേരോളം വരുന്ന മാധ്യമ പ്രവർത്തകരുടെ സംഘം ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയതും, കോടതിയുടെ മെയിൻ ഗേറ്റ് തന്നെ ഉപരോധിച്ചതും. ഹൈകോർട്ട് ജംഗ്ഷനിൽ വെച്ച് അവരെ തടയാൻ ബാധ്യസ്ഥരായിരുന്ന
പോലീസ് ചെയ്തത്, അവർക്ക് എസ്കോർട്ട് നൽകി കോടതി പരിസരത്തേക്ക്
ആനയിക്കുകയും, അവരുടെ സംരക്ഷകരായി നിന്നുകൊണ്ട് ഉപരോധത്തെ വിജയിപ്പിക്കുകയുമാണ്. കോടതി സമയം കഴിഞ്ഞിട്ടും ഗേറ്റിന് പുറത്തു കടക്കാൻ സാധിക്കാതെ വന്ന വനിതാ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ നീക്കാൻ പോലീസ് തയ്യാറായില്ല. വക്കീലന്മാർക്കെതിരെ അസഭ്യ വർഷം നടത്തി ഉപരോധ സമരം അങ്ങനെ മുന്നേറുന്ന സമയത്താണ് അഡ്വ. എം.കെ.ദാമോദരന്റെ ജൂനിയറായ ആന്റണി വക്കീലും ക്ലർക്കും കൂടി ഒരു സ്‌കൂട്ടറിൽ പുറത്തു പോവാൻ ശ്രമിക്കുന്നത്. ആന്റണിയെ തടഞ്ഞ മാധ്യമക്കാർ, അയാളെ സ്‌കൂട്ടറിൽ നിന്ന് വലിച്ചിറക്കുകയും,
ഹെൽമെറ്റ് ഊരിമാറ്റി മർദ്ധിക്കുകയും ചെയ്തു. ആന്റണിക്ക് ആശുപത്രിയിൽ
അഡ്‌മിറ്റ് ആവേണ്ടിയും, പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവേണ്ടിയും വന്നു എന്നു പറയുമ്പോൾ, മർദ്ധനത്തിന്റെ തോത് എപ്രകാരമായിരുന്നു എന്നൂഹിക്കാമല്ലോ. സഹപ്രവർത്തകനെ കണ്മുന്നിലിട്ട് മർദ്ധിക്കുന്നത് കണ്ട് മറ്റു വക്കീലന്മാർ അങ്ങോട്ട് ഓടിചെല്ലുകയും, കാര്യങ്ങൾ അതിന്റെ സ്വാഭാവിക തുടർച്ചയിലേക്ക് കടക്കുകയും ചെയ്‌തു. അതുവരെ കയ്യും കെട്ടി കാഴ്ച്ച കണ്ടുനിന്ന പോലീസുകാർക്ക് പെട്ടെന്നാണ് ക്രമസമാധാനം പരിപാലിക്കാനുള്ള തങ്ങളുടെ കടമയെ പറ്റി ബോധോദയമുണ്ടാവുന്നത്. ലാത്തിചാർജ് എന്ന പേരിൽ കറുത്ത കോട്ടിട്ടവരെ മാത്രം തിരഞ്ഞു പിടിച്ച് തല്ലികൊണ്ടാണവർ ആ കടമ നിർവഹിച്ചതെന്ന്
മാത്രം. പത്രക്കാരും പോലീസും കൂടി സംയുക്തമായി നടത്തിയ കലാപരിപാടികൾ
സമാപിക്കുമ്പോൾ ഇരുപതോളം അഭിഭാഷകർക്ക് പരിക്കേറ്റു കഴിഞ്ഞിരുന്നു. അതിൽ
നാലു പേരുടെ നില ഗുരുതരവുമായിരുന്നു.
വാർത്ത സകലമാന പത്രങ്ങളിലും ചാനലുകളിലും വന്നത് ഹൈക്കോടതിയിൽ അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന രീതിയിലാണ്.
സംഭവങ്ങളുടെ മറുഭാഗം കൂടി പ്രേക്ഷകരെ അറിയിക്കാനുള്ള മര്യാദ ഒരു നിഷ്പക്ഷ നിർഭയ നിരന്തരനും ഉണ്ടായില്ല.
മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി ഗിരിപ്രഭാഷണം നടത്തുന്ന ഒരു ചാനൽ ചാർച്ചികനും, വസ്തുതളെ സത്യസന്ധവും പക്ഷപാതരഹിതവുമായി അവതരിപ്പിക്കേണ്ട മാധ്യമ ധർമ്മത്തെ പറ്റി ഒരു വാചകം പോലും പറഞ്ഞില്ല.
സ്വയം വിമർശനത്തിന്റെ ഒരു തരിമ്പ് പോലും ഒരു റിപ്പോർട്ടിലും കടന്നുകൂടി കണ്ടില്ല.
അവിടെയാണ് അതിലെ അപകടവും.
ഇവിടുത്തെ മാധ്യമ പ്രവർത്തകരൊക്കെ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ആരെയും ഒരടിസ്ഥാനവുമില്ലാതെയും കരിവാരി തേയ്ക്കാം എന്ന സാഹചര്യം എത്ര ഗൗരവമുള്ളതാണ്?
കവല ചട്ടമ്പിമാർ കത്തിയും വടിവാളും കാണിച്ച് "തീർത്തു കളയും" എന്നൊക്കെ
വിരട്ടുന്നത് പോലെ, മാധ്യമ പ്രവർത്തകർ പേനയും കാമറയും കാണിച്ച് "തൊലച്ചു
കളയും" എന്നൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ, ഇവർ സ്വന്തം തൊഴിലിനെ എന്തായാണ് മനസിലാക്കിയിരിക്കുന്നത്?
ധാർമികതയുടെ കണിക പോലുമില്ലാത്ത ഇക്കൂട്ടരാണ് ഇനാട്ടിലെ വാർത്താ വിനിമയത്തിന്റെ ഉപാധികളെല്ലാം കയ്യടക്കി വെച്ചിരിക്കുന്നതെങ്കിൽ, നമ്മുടെ അറിയാനുള്ള അവകാശമൊക്കെ സത്യത്തിൽ എത്ര വലിയൊരു പൊള്ളത്തരമാണ്??
വ്യാജ വാർത്തകളും വ്യക്തിഹത്യയും കൊണ്ട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാകുന്ന ജനാധിപത്യത്തിന്റെ രണ്ടു തൂണുകളെയും വിരട്ടി വരുതിയിലാക്കിയ ശേഷമാണ്,
അവർ മൂന്നാം തൂണായ ജുഡീഷ്യറിയെ തേടിയെത്തിയത്.
അവരുടെ മുന്നിൽ നട്ടെല്ല് വളയ്ക്കാൻ മനസ്സില്ലെന്ന് ഉറക്കെ പറഞ്ഞ അഭിഭാഷകർ നിശ്ചയമായും അഭിനന്ദനമർഹിക്കുന്നുണ്ട്.
പക്ഷെ വലിയ കയ്യടിക്കർഹരായവർ ശരിക്കും, പൊളിറ്റിക്കൽ കറകറ്റ്നെസ്സിനെ ആലഭാരങ്ങളെ പറ്റിയൊന്നും യാതൊരു ബേജാറുമില്ലാതെ, "ന്യായം ആരുടെ ഭാഗത്തായാലും, മാധ്യമക്കാർക്ക് രണ്ടു കിട്ടിയത് നന്നായി" എന്ന് പരസ്യമായി പറഞ്ഞ ഇവിടുത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരാണ്.
അതായിരുന്നു യഥാർത്ഥ അടി.
മാധ്യമ ഹുങ്കിന്റെ കരണത്തേറ്റ അടി.
തങ്ങളുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് കള്ളവും കെട്ടുകഥയും ഇരവാദവും പ്രചരിപ്പിച്ചിട്ടും ഒടുവിൽ ജനം പറയുന്നത്, 'കിട്ടിയെങ്കിൽ കണക്കാക്കി പോയി. നിങ്ങൾക്കല്ലെങ്കിലും നല്ല തല്ലിന്റെ കുറവുണ്ടായിരുന്നു' എന്നാണെങ്കിൽ, അതിവിടുത്തെ മാധ്യമ പ്രവർത്തകരുടെ മുഖത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.
അതിലവർക്ക് കാണാം, സ്വന്തം നിലയും വിലയും വിശ്വാസ്യതയും എന്താണെന്ന്.
ആളുകൾക്കിടയിൽ തങ്ങൾക്കുള്ള മതിപ്പെത്രയാണെന്ന്.
തങ്ങളുടെ ജീർണ്ണലിസത്തിന്റെ തനിസ്വരൂപം എത്രമേൽ അഴുകിയയിരിക്കുന്നു എന്ന്.
ശരിക്ക് കണ്ട് മനസിലാക്കുകയും, വേണ്ട തിരുത്തകളൊക്കെ വരുത്തുകയും ചെയ്താൽ, ഇതവർക്ക് കിട്ടുന്ന അവസാനത്തെ അടിയാവും.